തൃശൂര്‍ : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കു കളക്ടറും ആര്‍.ടി.ഓ യും മറുപടി നല്‍കിയില്ലെന്ന പരാതി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നടപടിയെടുക്കാതെ തള്ളി. ആര്‍ .ടി.ഒ യുടെ നിലപാടു തെറ്റാണെന്നു കമ്മീഷന്‍ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു വിടുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം വിവരം കിട്ടാന്‍ ഇനി ആരെ സമീപിക്കണമെന്നറിയാതെ പരാതിക്കാര്‍ പെരുവഴിയിലായി.
സ്വകാര്യ ബസ്സുടമയായ ചാഴൂര്‍ കുരിക്കപ്പീടിക ഉമ്മറും ഭാര്യ ഷീനയുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുമ്പാകെ 2004 ഏപ്രിലില്‍ പരാതി നല്‍കിയത് .ഇവരുടെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ പെര്‍മിറ്റ് മറ്റൊരു വ്യക്തിയുടെ ബൈക്കിന്റെ ആര്‍ സി ബുക്കിന്റെ പേരിലേയ്ക്ക് അനധികൃതമായി മാറ്റിക്കൊടുത്തുവെന്നായിരുന്നു പരാതി . 2005 നവംബറിലെ ആര്‍ ടി ഒ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് പെര്‍മിറ്റ് മാറ്റിക്കൊടുത്തത്.പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെങ്കിലും ബന്ധപ്പെട്ട ഫയല്‍ അടുത്ത ആര്‍ .ടി.എ യോഗത്തില്‍ വെക്കാതെ ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ചുവെച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 2007 ജനുവരിയില്‍ വിവരാവകാശ നിയമപ്രകാരം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ ആര്‍ ടി ഓ ഓഫീസില്‍ സമീപിക്കണമെന്നായിരുന്നു മറുപടി.
പക്ഷെ , മറുപടി കളക്ടര്‍ക്കുകൊടുത്തിട്ടുണ്ടെന്നും അവിടെനിന്നു വാങ്ങണമെന്നുമായിരുന്നു ആര്‍ ടി ഒ ഓഫീസിന്റെ നിലപാട് . അതേ സമയം ആര്‍ ടി ഓ ഓഫീസില്‍ നിന്നു മറുപടി കിട്ടിയില്ലെന്നും വീണ്ടും കളക്ടര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് 2007 ഏപ്രിലില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് അപേക്ഷ ന്‍ല്‍കിയത് .കഴിഞ്ഞ മാസമാദ്യം വിവരാവകാശ കമ്മിഷണര്‍ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പില്‍ ആര്‍ ടി ഒ യും ഡെപ്യൂട്ടി കളക്ടറും ഹാജരായിരുന്നു .
“സങ്കടം തീര്‍ക്കാന്‍ ഇവിടെയല്ല വരേണ്ടത് എന്നായിരുന്നു “ കമ്മിഷന്റെ നിലപാട് .
പരാതിക്കടിസ്ഥാനമായ പ്രശ്നം ആര്‍ ടി ഒ യുടെ പരിധിയില്‍ പ്പെട്ടതാനെന്നും കളക്ടറുടെ പേരു പറഞ്ഞ് ആര്‍ ടി ഒ ഒഴിഞ്ഞുമാറിയത് ശരിയായില്ലെന്നും കമ്മീഷണര്‍ അഭിപ്രായപ്പെട്ടെങ്കിലും തികച്ചും ഭരണപരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളൂകയായിരുന്നു.
ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ ടി ഒ യ്ക്ക് കമ്മീഷണര്‍ ഉപദേശം നല്‍കിയിട്ടുണ്ട് . കൂടുതല്‍ വ്യക്തതയോടെ അപേക്ഷ തയ്യാറാക്കി വീണ്ടും ആര്‍ ടി ഒ യെ സമീപിക്കാവുന്നതാണ് എന്ന് പരാതിക്കാരോടു നിര്‍ദ്ദേശിച്ചീട്ടുണ്ട് .
അതേ സമയം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു വ്യക്തമായ മറുപടി കിട്ടി.
Subscribe to:
Post Comments (Atom)
1 comment:
ഇതാണു വോളീബോള് കളിയുടെ മറ്റൊരു വകഭേദം. അതിവേഗം ബഹുദൂരം കളിയെന്നും പേരുള്ള കളി.
Post a Comment