Showing posts with label നിയമം കൌതുകം. Show all posts
Showing posts with label നിയമം കൌതുകം. Show all posts

Sunday, 6 July 2008

മോട്ടോര്‍ വാഹന പരിശോധന നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വേണം

നിയമവിധേയരായ പൌരന്മാര്‍ക്ക് അസൌകര്യങ്ങളും പ്രയാസങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാ ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരും കര്‍ശനമായി പാലിക്കണം . ഇതില്‍ വിട്ടുവീഴ്ചവരുത്തുന്നതു ഗൌരവമായി കണക്കാക്കുമെന്നും നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

Saturday, 26 April 2008

ബൈക്ക് മാന്ത്രികന്‍ ഹെല്‍മെറ്റ് വെച്ചില്ല ; ഫ്ലാഗ് ഓഫ് ചെയ്ത സി.ഐ ക്കു നോട്ടീസ്

ഹെല്‍മെറ്റ് വെക്കാതെയുള്ള മാന്ത്രികന്റെ ബൈക് പ്രകടനം ഫ്ലാഗ് ഓഫ് ചെയ്ത സി.ഐ ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു.
കണ്ണുകെട്ടി ബൈക്ക് ഓടിച്ച മട്ടാഞ്ചേരി സ്വദേശി പ്രോ. ഷെരീഫ് അലിസാര്‍ ഹെല്‍മെറ്റ് വെയ്ക്കാതെയാണ് വാഹനം ഓടിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത സി.ഐ യ്യോട് പോലീസ് കമ്മീഷണര്‍ വിശദീകരണം ചോദിച്ചത് . ഹെല്‍മെറ്റ് സംബന്ധിച്ച കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന കോടതി ഉത്തരവ് ഡി.ജി.പിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ജനമധ്യത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള പ്രകടനമെന്നതാണ് നോട്ടീസ് നല്‍കാന്‍ അസിസ്റ്റന്റ് കമ്മീഷണറെ നിര്‍ബ്ബന്ധിതനാക്കിയത് .
മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്ക്കൂള്‍ പൂവ്വ വിദ്യാര്‍ത്ഥി സംഗമത്തോടനു ബന്ധിച്ചായിരുന്നു ബൈക്ക് യാത്ര ,
ഒരു കലാപ്രകടനമെന്ന നിലയിലാണ് ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കാതിരുന്നതെന്ന് സി.ഐ അറിയിച്ചു


manorama News

Sunday, 13 April 2008

നികുതിയില്‍ കൃത്രിമം : മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യക്ക് 10,000 രൂപ പിഴ !!

തെറ്റായ പാന്‍‌നമ്പര്‍ എഴുതി നികുതി റിട്ടേണ്‍ രേഖ സമര്‍പ്പിച്ചതിന് മധ്യപ്രദേശ് നിയമസഭാ പ്രതിപക്ഷ കക്ഷിനേതാവ് ജമുനാദേവി നല്‍കിയ

പരാതിയിന്മേല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ ഭാര്യ സാധനാ സിംഗിന് ആദായനികുതി കമ്മീഷണര്‍ 10,000 രൂപ പിഴ

പിഴ ശിക്ഷ വിധിച്ചു.

തൃശൂര്‍ ; അയ്യന്തോളിലെ മദ്യ ഷാപ്പ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു

അയ്യന്തോള്‍ - കാഞ്ഞാണി റോഡില്‍ അശോക് നഗറിനും കല്‍ഹാര അപ്പാര്‍ട്ട്മെന്റിനും സമീപം ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങാനിരുന്ന

വിദേശ മദ്യഷാപ്പ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായി സമര സമിതിക്ക് അറിയിപ്പ് ലഭിച്ചു.ഇതിനെ തുടര്‍ന്ന് സമരം

തല്‍ക്കാലത്തേക്ക് നിറുത്തിവെച്ചു.
ഷാപ്പുമാറ്റാന്‍ സഹായിച്ച ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും സമരസമിതി അനുമോദിച്ചു.

Saturday, 12 April 2008

കോണ്‍സ്റ്റബിള്‍ വിനയയുടെ പരാതി പ്രത്യേക കമ്മറ്റി അന്വേഷിക്കണെമെന്ന് ഹൈക്കോടതി !

ജോലിസ്ഥലത്തെ പീഡനമാരോപ്പിച്ച് അമ്പല വയല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ വിനയ സമര്‍പ്പിച്ച പരാതി സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പ്രത്യേക കോടതി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഡൂട്ടി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്നാണ് വിനയയുടെ പരാതി. തര്‍ക്കത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുകെതിരെ വകുപ്പുതല അച്ചടക്ക നടപടി ആരംഭിച്ച സാഹചര്യത്തിലാണ് വിനയ കോടതിയിലെത്തിയത്

Thursday, 20 March 2008

ഇഷ്ടക്കാരെ ജഡ്ജിമാരാക്കുന്നു എന്ന വിമര്‍ശനം ഉണ്ടെന്നു കേന്ദ്രം !!

ശിങ്കിടികളേയും ബന്ധുക്കളേയും രാജ്യത്തെ ഉയര്‍ന്ന നീതിപീഠങ്ങളില്‍ നിയമിക്കുന്നതിന്യുള്ള പ്രവണത കാണുന്നുവെന്നുള്ള വിമര്‍ശനം ഉയര്‍ന്നീട്ടുള്ളതാനെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
ജഡ്ജിമാരുടെ നിയമന സംവിധാനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശമൊന്നും ഇല്ലത്രെ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ നിയമമന്ത്രി അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജി നിയമനം സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം കൈക്കൊള്ളൂന്ന നടപടി ക്രമത്തില്‍ വീഴ്ച്യുണ്ടെന്ന വിമര്‍ശനം സര്‍ക്കരിന്റെ ശ്രദ്ധയില്‍പ്പെട്ടീറ്റുണ്ടോ എന്നായിരുന്നു രാജ്യസഭയിലെ ചോദ്യം . ഇത് ശ്രദ്ധയില്‍പ്പേട്ടീട്ടുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു,

Saturday, 15 March 2008

മജിസ്ട്രേറ്റും എ.എസ്.പി യും തമ്മിലുള്ള കേസ് ഒടുവില്‍ ഒത്തുതീ‍രുന്നു.

മജിസ്ട്രേറ്റും എ.എസ്.പി യും തമ്മിലുള്ള കേസ് ഒടുവില്‍ ഒത്തുതീ‍രുന്നു.
വാഹന പരിശോധനക്കിടെ എ.എസ്.പി സിദ്ധാര്‍ത്ഥ സാഹ്‌നി അന്യായമായി തടഞ്ഞുനിറുത്തി കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന്റെ താക്കോല്‍ എടുത്തുമാറ്റിയെന്നും ആരോപിച്ച് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ( നമ്പര്‍ 2 ) വി സതീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായം ഒത്തുതീര്‍പ്പായി. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവരും ജില്ലാ ജഡ്‌ജി മൊയ്തീന്‍ കുഞ്ഞിന്റെ ചേമ്പറില്‍ ഹാജരായി കേസ് തീര്‍ക്കാന്‍ സമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായം പിന്‍‌വലിക്കുന്നതായി സി.ജെ.എം.ഇ ഫ്രാന്‍സിസ്സിനു മുന്‍പായി കെ.വി. സതീഷ് കുമാര്‍ അറിയിച്ചു.
ഹൈക്കോടതി മുമ്പാകെ ഒത്തുതീര്‍പ്പിനുള്ള സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇരു കക്ഷികളും പരസ്പരം ഖേദം പ്രകടിപ്പിച്ച് സൌഹൃദത്തില്‍ പിരിയാന്‍ കോടതി നിര്‍ദ്ദേശിച്ചു. പരസ്പരം നല്‍കിയുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ഇരു കൂട്ടരോടും നിര്‍ദ്ദേശിച്ച കോടതി 17 നു കേസ് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റും അഭിഭാഷകരും കക്ഷികളും നെരിടുന്ന ബുദ്ധിമുട്ടുകളും ബോധ്യപ്പെടാന്‍ പത്തനംതിട്ട സി.ജെ.എം കോടതി നടപടികള്‍ കുറച്ചുസമയ, നിരീക്ഷിക്കുമെന്നും സിദ്ധാര്‍ത്ഥ സാഹ്‌നിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 15 മിനിട്ടിലേറെ അദ്ദേഹം സി.ജെ.എം കോടതിയില്‍ ഇരുന്നു.
ന്യായാധിപനും നിയമപാലകനും ഏറ്റുമുട്ടിയ അപൂര്‍വ്വമായ കേസാണ് രണ്ടുവര്‍ഷത്തിനുശേഷം ഒത്തുതീര്‍പ്പാക്കുന്നത് .
ഇതിടിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സാഹ്‌നി ഒരു വര്‍ഷത്തിലേറെ നീണ്ട ചികിത്സക്കുശേഷം ഊന്നുവടിയുടെ സഹായത്തോടെയാണ് ഹാജരായത് . പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ടെലികമ്മ്യൂനിക്കേഷന്‍സ് എസ്.പി യാണ് സാഹനി ഇപ്പോള്‍ .
കഥയുടെ ചരിത്രം ഇങ്ങനെ :-
2006 ജനുവരി 29 രാത്രി ഒന്‍പതരയോടെ യാണ് സംഭവങ്ങളുടെ തുടക്കം . പോലീസുകാന്‍ കൈകാണിച്ചതിനെ തുടര്‍ന്ന് റോഡരുകില്‍ വാഹനം ഒതുക്കി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ എ.എസ്.പി. ഓടിയെത്തി ബലമായി താക്കോല്‍ ഊരിമാറ്റിയെന്നും കയ്യേറ്റം ചെയ്തെന്നുമായിരുന്നു പരാതി. പിന്നീട് ജില്ലാ കളക്ടര്‍ എ,കെ രാജന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് താക്കോല്‍ തിരികെ നല്‍കിയത് .
വഴക്ക് പിന്നീട് അഭിഭാഷകര്‍ ഏറ്റെടുത്തു.
കോടതി ബഹിഷ്കരിച്ച് പ്രതിഷേധദിനം ആചരിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇതിന്റെ പേരില്‍ പോലീസ് അഭിഭാഷകര്‍ക്കെതിരെ ചാ‍ര്‍ജ് ചെയ്ത കേസ് പിന്നീട് വെറുതെ വിട്ടിരുന്നു.
ജില്ലാ ജഡ്‌ജി ഇ. മൊയ്തീന്‍ കുഞ്ഞും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊട്ടയം ജില്ലാ ജഡ്ജി ആര്‍ നടരാജനും തെളിവെടിപ്പുനടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
മജിസ്ട്രേട് നല്‍കിയ സ്വകാര്യ അന്യായത്തിന്റെ തുടര്‍നടപടികള്‍ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും സ്വകാര്യ അന്യായത്തെ തുടര്‍ന്ന് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സാഹ്‌നിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2006 മേയ് 10 നു നടന്ന അപകടത്തിലാണ് സാഹ്‌നിക്കു ഗുരുതരമായി പരുക്കേറ്റത് .അദ്ദേഹം ഓടിച്ച പോലീസ് ജീപ്പില്‍ ലോറി ഇടിക്കുകയായിരുന്നു.നട്ടെല്ലും ഇടുപ്പും ചേരുന്ന ഭാഗത്ത് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഡല്‍ഹിയിലും ഒരുവര്‍ഷത്തിലേറെ ചികിത്സയിലായിരുന്നു.

Thursday, 13 March 2008

ഡല്‍ഹിയില്‍ പൊതുസ്ഥലത്തു തുപ്പിയാല്‍ 500 രൂപ വരെ പിഴ!!

ന്യൂഡല്‍ഹി : പൊതുസ്ഥലത്തു തുപ്പുന്നവര്‍ക്കും മല മൂത്ര വിസര്‍ജ്ജനം നടത്തുന്നവര്‍ക്കും പിഴയിടാന്‍ ഡെല്‍ഹി കോര്‍പ്പറേഷന്‍ നീക്കം !
100 മുതല്‍ 500 രൂപ വരെ പിഴയീടാക്കാനാണ് പദ്ധതി. 2010 കോമണ്‍ വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി തലസ്ഥാനത്തെ വെടിപ്പുള്ള നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത് . പൊതുസ്ഥലത്തു വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യം തള്ളൂന്ന ഉടമകള്‍ക്കും പിഴ ഏര്‍പ്പേടുത്തും . ഈ വിഷയം വിജ്ഞാപനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അയക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിജേന്ദ്ര ഗുപ്ത വ്യക്തമാക്കി

Tuesday, 11 March 2008

വിവരാവകാശ അപേക്ഷകനെ പരിഹസിച്ചതിന് 10000 രൂപ പിഴ !!!

കോഴിക്കോട് : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ മടക്കി അയച്ചതിനും അപേക്ഷകനെ പരിഹസിച്ചതിനും ഡപ്യൂട്ടി തഹസില്‍ദാര്‍ 10000 രൂപ പിഴ ഒടുക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കമ്മീഷന്‍ കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ ആണ് ഈ നിര്‍ദ്ദേശം .
വടകര തറോപ്പോയില്‍ സ്വദേശി പി. രാധാകൃഷ്ണന്‍ 2006 ജൂലൈയില്‍ അന്നത്തെ ഡപ്യൂട്ടി തഹസിദാര്‍ക്ക് നല്‍കിയ അപേക്ഷ മടക്കിയതായും ‘ വിവരാവകാശം വിവര്‍ക്കേടിനാവരുത് ‘ എന്ന് പരിഹസിച്ചതായും അപേക്ഷകന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി . ഒരു മാസത്തിനകം ബന്ധപ്പെട്ട വ്യക്തിയെ വിവരം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചീട്ടുണ്ട് .
മനോരമ ദിനപ്പത്രം

Saturday, 1 March 2008

റാസ്കല്‍ അശ്ലീലമല്ലെന്ന് ഹൈക്കോടതി

കൊച്ചി: റാസ്കല്‍ പ്രയോഗം അശ്ലീലമല്ലേന്നും കേള്‍വിക്കാരുടെ മനസ്സില്‍ അശ്ലീല ചിന്ത ഉളവാക്കാന്‍ ഈ വാക്കിനു പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വാക്കിനു കൂടി വന്നാല്‍ തെമ്മാടി , പോകിരി എന്നൊക്കെയാണ് അര്‍ത്ഥമെന്ന് കോടതി വിലയിരുത്തി .
പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും റാസ്കല്‍ എന്നു വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് അഭിഭാഷകയ്ക്കെതിരെ എറണാകുളം സെന്‍‌ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കിയാണ് ജസ്റ്റീസ് വി.റാം കുമാറിന്റെ ഉത്തരവ് .
കേള്‍വിക്കാരുടെ മനസ്സില്‍ അധമവികാരങ്ങള്‍ ഉണര്‍ത്തുന്നുവെന്ന വാക്കുകളാണ് അശ്ലീലതയുടെ പരിധിയില്‍ പെടുന്നത് . പലപ്പോഴും തമാശരൂപേണയും വിരുദ്ധാര്‍ത്ഥത്തിലും ഈ വാ‍ക്ക് ഉപയോഗിക്കാറുള്ളതിനാല്‍ റാസ്കല്‍ വിളി ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന അശ്ലീല പദ പ്രയോഗത്തില്‍ വരില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍
ഏറണാകുളം ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവു പ്രകാരം ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പമെത്തിയ പോലീസ് സബ്ബ് ഇന്‍സ്പെക്ടറെ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ അധിഷേപിച്ചുവെന്ന കേസ് റദ്ദാക്കിയാണ് കോടതി നടപടി.

Thursday, 28 February 2008

മജിസ്ട്രേറ്റിനു നേരെ ചെരിപ്പേറ് ; കരണത്തടി മറുപടി

ബാഗ്ലൂര്‍ : തനിക്കുനേരെ ചെരിപ്പെറിഞ്ഞ കൊലക്കേസ് പ്രതിയെ മജിസ്ട്രേറ്റ് ഇരിപ്പിടത്തില്‍നിന്ന് ഇറങ്ങിവന്ന് കരണത്തടിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ബ്ലിയിലാണ് കോടതിമുറി അപൂര്‍വ്വദൃശ്യത്തിന് സാക്ഷ്യം വഹിച്ചത് . കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കാരടിഗുഡ്‌ഡ് എന്ന യാളുടെ വിചാരണക്കിടെ ക്ഷുഭിതനായി മജിസ്ട്രേറ്റ് കെ.ബി പാട്ടീലിനു നേരെ ചെരിപ്പൂരിയെറിഞ്ഞത്. ഇരിപ്പടം വിട്ടിറങ്ങിയ മജിസ്ട്രേറ്റ് പ്രതിക്കൂട്ടിനടുത്തെത്തി കരണത്തൊന്നുകൊടുത്തശേഷം പ്രതിയെ പോലീസിനു കൈമാറുകയായിരുന്നു. കൊലപാതകശ്രമത്തിനു പിടിയിലായ പ്രതിക്കെതിരെ കോടതിമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചതിനും കേസ് നിലവിലുണ്ട്.

Tuesday, 5 February 2008

വിവരാവകാശ അപേക്ഷ അവഗണിച്ച ഉദ്യാഗസ്ഥരെ ഉപദേശിച്ചു വിട്ടു.

തൃശൂര്‍ : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കു കളക്ടറും ആര്‍.ടി.ഓ യും മറുപടി നല്‍കിയില്ലെന്ന പരാതി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നടപടിയെടുക്കാതെ തള്ളി. ആര്‍ .ടി.ഒ യുടെ നിലപാടു തെറ്റാണെന്നു കമ്മീഷന്‍ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു വിടുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം വിവരം കിട്ടാന്‍ ഇനി ആരെ സമീപിക്കണമെന്നറിയാതെ പരാതിക്കാര്‍ പെരുവഴിയിലായി.
സ്വകാര്യ ബസ്സുടമയായ ചാഴൂര്‍ കുരിക്കപ്പീടിക ഉമ്മറും ഭാര്യ ഷീനയുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുമ്പാകെ 2004 ഏപ്രിലില്‍ പരാതി നല്‍കിയത് .ഇവരുടെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ പെര്‍മിറ്റ് മറ്റൊരു വ്യക്തിയുടെ ബൈക്കിന്റെ ആര്‍ സി ബുക്കിന്റെ പേരിലേയ്ക്ക് അനധികൃതമായി മാറ്റിക്കൊടുത്തുവെന്നായിരുന്നു പരാതി . 2005 നവംബറിലെ ആര്‍ ടി ഒ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് പെര്‍മിറ്റ് മാറ്റിക്കൊടുത്തത്.പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെങ്കിലും ബന്ധപ്പെട്ട ഫയല്‍ അടുത്ത ആര്‍ .ടി.എ യോഗത്തില്‍ വെക്കാതെ ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ചുവെച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 2007 ജനുവരിയില്‍ വിവരാവകാശ നിയമപ്രകാരം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ ആര്‍ ടി ഓ ഓഫീസില്‍ സമീപിക്കണമെന്നായിരുന്നു മറുപടി.
പക്ഷെ , മറുപടി കളക്ടര്‍ക്കുകൊടുത്തിട്ടുണ്ടെന്നും അവിടെനിന്നു വാങ്ങണമെന്നുമായിരുന്നു ആര്‍ ടി ഒ ഓഫീസിന്റെ നിലപാട് . അതേ സമയം ആര്‍ ടി ഓ ഓഫീസില്‍ നിന്നു മറുപടി കിട്ടിയില്ലെന്നും വീണ്ടും കളക്ടര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് 2007 ഏപ്രിലില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് അപേക്ഷ ന്‍ല്‍കിയത് .കഴിഞ്ഞ മാസമാദ്യം വിവരാവകാശ കമ്മിഷണര്‍ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പില്‍ ആര്‍ ടി ഒ യും ഡെപ്യൂട്ടി കളക്ടറും ഹാജരായിരുന്നു .
“സങ്കടം തീര്‍ക്കാന്‍ ഇവിടെയല്ല വരേണ്ടത് എന്നായിരുന്നു “ കമ്മിഷന്റെ നിലപാട് .
പരാതിക്കടിസ്ഥാനമായ പ്രശ്നം ആര്‍ ടി ഒ യുടെ പരിധിയില്‍ പ്പെട്ടതാനെന്നും കളക്ടറുടെ പേരു പറഞ്ഞ് ആര്‍ ടി ഒ ഒഴിഞ്ഞുമാറിയത് ശരിയായില്ലെന്നും കമ്മീഷണര്‍ അഭിപ്രായപ്പെട്ടെങ്കിലും തികച്ചും ഭരണപരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളൂകയായിരുന്നു.
ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ ടി ഒ യ്ക്ക് കമ്മീഷണര്‍ ഉപദേശം നല്‍കിയിട്ടുണ്ട് . കൂടുതല്‍ വ്യക്തതയോടെ അപേക്ഷ തയ്യാറാക്കി വീണ്ടും ആര്‍ ടി ഒ യെ സമീപിക്കാവുന്നതാണ് എന്ന് പരാതിക്കാരോടു നിര്‍ദ്ദേശിച്ചീട്ടുണ്ട് .
അതേ സമയം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു വ്യക്തമായ മറുപടി കിട്ടി.

Saturday, 2 February 2008

സുകുമാര്‍ അഴീക്കോഡിന്റെ ഡൈവര്‍ മജിസ്ടേറ്റിനെതിരെ പരാതിനല്‍കി

തൃശൂര്‍ : കോടതിമുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് പിഴ ചുമത്തിയ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ സുകുമാര്‍ അഴീക്കോടിന്റെ ഡൈവര്‍ സുരേഷ് ഹൈക്കോടതിയില്‍ പരാതി നല്‍കി.അഴീക്കോടിന്റെ അനുമതിയോടുകൂടിയാണിത് .
അപകീര്‍ത്തിക്കേസിലെ കുറ്റപത്രം വായിച്ചുകേള്‍ക്കാനായിരുന്നു അഴീക്കോട് കോടതിയില്‍ ഹാജരായത് . പാര്‍ക്കിംഗ് നിരോധിച്ച സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തത് മജിസ്ട്രേറ്റ് കാണുകയും കേസെടുക്കുകയും ചെയ്തു.
സുരേഷ് പിന്നീട് പിഴയടച്ചു.
കാര്‍ പാര്‍ക്ക് ചെയ്തില്ലെന്നും തിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സുരേഷ് പറയുന്നത് .
പിഴ ചുമത്തിയതിന് കാരണം പറഞ്ഞില്ലെന്നും പിഴയ്ക്ക് രസീത് നല്‍കിയില്ലെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
തെറ്റുചെയ്തുവെന്ന് പറയുന്നയാള്‍ക്ക് പറയാനുള്ളത് കേട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഈ അനീതിക്കെതിരെയാണ് പരാതി നല്‍കിയതെന്ന് അഴീക്കോട് വ്യക്തമാക്കി.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
മനോരമ വാര്‍ത്ത 1/2/08 ശനി

Sunday, 13 January 2008

ബലാല്‍‌സംഗക്കാരന് നല്ല നടപ്പ് : ജഡ്ജിയുടെ പണിപോയി.

ബലാത്സംഗക്കേസ് പ്രതിയോട് സൌമനസ്യം കാണിച്ച ജഡ്ജിയെ പുറത്താക്കിയ തീരുമാനം സുപ്രീംകോടതിയും ശരിവെച്ചു. ഉത്തര്‍പ്രദേശിലെ എത്വാ ജഡ്ജിയായിരുന്ന രാജ്‌കുമാര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് .
ബലാല്‍സംഗക്കേസ് പ്രതികളെ നല്ലനടപ്പിനുവിടാന്‍ നിയമം അനുവദിക്കുന്നില്ല. വന്‍ ശിക്ഷ ലഭിക്കേണ്ട പ്രതിയോട് രാജ്‌കുമാര്‍ ശര്‍മ്മ ദയാപൂര്‍വ്വം പെരുമാറിയതായും കോടതി വിലയിരുത്തി .
1998 ലായിരുന്നു കേസിനാസ്പദമായ സംഭവം .
ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കേണ്ട കേസുകളിലെ പ്രതികളെ നല്ല നടപ്പിനു വിടരുതെന്നാണ് വ്യവസ്ഥ . ബലാത്സംഗക്കേസ് പ്രതികളെ നല്ല നടപ്പിന് വിട്ടത് വിവാദമായതോടെ അലഹബാദ് ഹൈക്കോടതി നടത്തിയ അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാനെന്നു കണ്ടെത്തി . തുടര്‍ന്ന് 2005 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ടാണ് നല്ല നടപ്പിനു വിട്ടതെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്റെ വാദം

Friday, 11 January 2008

ഇറാക്കില്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1,51,000 പേര്‍ !!!

ബഗ്‌ദാദ് : അമേരിക്കന്‍ സൈന്യം ഇറാക്കിലെത്തിയശേഷം 1,51,000 പേര്‍ മൂന്നു വര്‍ഷത്തിനിടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും ഇറാഖ് ഗവണ്മെന്റും ചേര്‍ന്നു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 2003 മാര്‍ച്ച് മുതല്‍ 2006 ജുണ്‍ വരെയുള്ള കണക്കാണിത് . പതിനായിരം വീടുകളിലാണ് സര്‍വ്വേ നടത്തിയത് .
പ്രതിദിനം നൂറുമൃതദേഹങ്ങള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും എത്തുന്നുണ്ടെന്ന് 2006 ല്‍ ഇറാഖ് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു.


വാല്‍ക്കഷണം


ജയിച്ചാലും തോറ്റാലും ലാഭം ഒന്നുതന്നെ !!

Tuesday, 8 January 2008

അപ്പീല്‍ തീര്‍ക്കുമ്പോള്‍ കാരണം വ്യക്തമാക്കണം - സുപ്രീംകോടതി.

ന്യൂഡല്‍ഹി : അപ്പീലില്‍ തീരുമാനമെടുക്കുമും‌മുന്‍പ് അതിനാധാരമായ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ ഉപദേശിച്ചു.
ഹിമാചല്‍‌പ്രദേശ് ഹൈക്കോടതി ഒരു അപ്പീല്‍ ഒറ്റ വാചകത്തില്‍ തള്ളി എന്ന് ഉത്തരവിട്ടതിനെ പരാമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം .ഉത്തരവ് എത്ര ഹ്രസ്വമായിരുന്നാലും കാരണങ്ങള്‍ സൂചിപ്പിക്കുന്നതാവണമെന്നു ചൂണ്ടിക്കാട്ടി അപ്പീലിന് ആധാരമായ ക്രിമിനല്‍ കേസില്‍ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് അരിജിത് പസായത് , ജസ്റ്റിസ് അഫ്‌താബ് അലം എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് റദ്ദാക്കി

Sunday, 6 January 2008

സ്നേഹപ്രകടനമില്ല; സൌദിയില്‍ വിവാഹമോചനമേറുന്നു.

റിയാദ് : ദമ്പതികളുടെ സ്നേഹപ്രകടനങ്ങളുടെ കുറവാണ് സൌദിയില്‍ വിവാഹമോചന നിരക്കുയരാന്‍ പ്രധാന കാരണമെന്ന് സാമൂഹികകാര്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായതായി അല്‍ വതന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താക്കന്മാര്‍ വൈകി വീട്ടിലെത്തുന്നതുമുതല്‍ പ്രായവ്യത്യാസം , ബഹുഭാര്യത്വം , ബന്ധുക്കളുടെ ഇടപെടല്‍ തുടങ്ങി ഒരുപിടി മറ്റു കാരണങ്ങളും ഉയര്‍ന്ന വിവാഹമോചന നിരക്കിനു പിന്നിലുണ്ട് .
എന്നാല്‍ ഭാര്യയ്ക്ക് പ്രസവശേഷി ഇല്ലാത്തത് റിപ്പോര്‍ട്ട് പ്രകാരം വിവാഹമോചനത്തിനുള്ള പ്രധാനകാരണമല്ല. ഭാര്യമാര്‍ ഏറെനേരം ജോലിസ്ഥലത്തു ചെലവഴിക്കുന്നതും ചില കേസുകളില്‍ വിവാഹമോചനത്തിനു കാരണമാകുന്നതായി കുടുംബക്കോടതിയിലെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.കുടുബത്തില്‍ ഭര്‍ത്താവിന്റെ സ്ഥാനം അംഗീകരിയ്ക്കാത്തതും പലപ്പോഴും പ്രശനമാകുന്നു.

Saturday, 5 January 2008

പരാതിക്കാര്‍ക്ക് വെബ്ബ്‌സൈറ്റുമായി കിരണ്‍ബേഡി

ന്യൂഡല്‍ഹി: പോലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിസമ്മതിച്ചെങ്കില്‍ വിഷമിക്കേണ്ട , ഡോക്ടര്‍ കിരണ്‍ബേഡിയും സംഘവും സഹായത്തിനെത്തും . ആട്ടിപ്പായിച്ച പരാതികള്‍ താഴെത്തട്ടിലല്ല്ല , അതതു സംസ്ഥാനങ്ങളിലെ ഡി.ജി.പി മാരുടെ അടുത്തുവരെ എത്തിയേക്കാം. പരാതികള്‍ സ്വീകരിച്ച് അധികൃതരില്‍ എത്തിയ്ക്കാന്‍ കിരണ്‍ബേഡി നേതൃത്വം നല്‍കുന്ന ഇന്ത്യ വിഷന്‍ ഫൌണ്ടേഷന്റെ കീഴില്‍ സേഫര്‍ ഇന്ത്യ ഡോട്ട് കോം ( www.saferindia.com) എന്ന സൌജന്യ വെബ്ബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറായിരുന്ന കിരണ്‍ബേഡി അര്‍ഹമായിരുന്ന ജോലിക്കയറ്റം ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം സര്‍വ്വീസില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു

Wednesday, 26 December 2007

കൂട്ടമാനഭംഗക്കേസില്‍ ജഡ്ജിമാരും അധിഷേപിച്ചെന്ന് സൌദി വനിത

ലണ്ടന്‍ : സൌദിയില്‍ സംഘംചേര്‍ന്ന് പീഡിപ്പിയ്ക്കപ്പെട്ട യുവതിയെ കേസിന്റെ വിചാരണാവേളയില്‍ ജഡ്‌ജിമാരും അധിഷേപിച്ചതായി ഇംഗ്ലണ്ടിലെ ‘ ദി ഇന്‍ഡിപ്പെന്‍ഡന്‍സും ‘ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനിരയായ യുവതിയ്ക്ക് 200 ചാട്ടവാറടിയും ആറുമാസം തടവും വിധിച്ച കോടതി നടപടി വിവാദമായിരുന്നു.

വീടിനു പുറത്തുപോകാന്‍ കാരണമെന്തായിരുന്നുവെന്നും സംഭവം ഭര്‍ത്താവിനോട് ആദ്യം പറയാതിരുന്നതെന്തെന്നും ചോദിച്ചായിരുന്നു ജഡ്ജിമാരുടെ അധിക്ഷേഒഅമെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു “ നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു.


സംഭവം നടന്ന തിയ്യതി ഓര്‍മ്മയില്ലെന്നു പറഞ്ഞതിന് ഇവരെ “നുണച്ചി “ എന്നും വിളിച്ചു. അന്യ പുരുഷനോടോപ്പം കാറിലിരിക്കുമ്പോള്‍ അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ് .
അന്യ പുരുഷനോടോപ്പം കാറിലിരുന്നതിനാണ് പ്രതികള്‍ക്കൊപ്പം യുവതിയ്ക്കും ശിക്ഷ വിധിച്ചത് .
ആദ്യം പരാതി പരിഗണിച്ച കീഴ്‌ക്കോടതി 90 ചാട്ടവാറടി ശിക്ഷ വിധിച്ച ശേഷം ‘ തടവുശിക്ഷ ലഭിയ്ക്കാത്തത് ഭാഗ്യമായിക്കരുതണമെന്നും പറഞ്ഞു.

അപ്പീല്‍ നല്‍കിയപ്പോഴാണ് ശിക്ഷ 200 ചാട്ടവാറടിയും ആറുമാസം തടവുമായി കൂടിയത് .


കൂട്ട മാനഭംഗത്തെക്കുറിച്ച് ഏറെ നാളുകള്‍ക്കുശേഷമറിഞ്ഞ ഭര്‍ത്താവാണ് വിവരം പോലീസില്‍ അറിയിച്ചത് .എന്നാല്‍ കുറ്റക്കാരെ സ്വയം പിടികൂടാനായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദ്ദേശമെത്രെ. പലപ്പോഴായി നാലുതവണ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും പറയുന്നു.

Tuesday, 25 December 2007

ഷോക്കേറ്റ് മരണം നഷ്ടപരിഹാരം നല്‍കണം : കോടതി

തൃശൂര്‍ : പൊട്ടിവീണ ഇലക് ട്രിക്ക് കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ മാതാപിതാക്കള്‍ക്ക് ഇലക് ട്രിസിറ്റി ബോര്‍ഡ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് . പ്രിന്‍സിപ്പല്‍ സബ് ജഡ്ജി അമീര്‍ അലിയാണ് ഉത്തരവിട്ടത് .

ഇതേ സംഭവത്തില്‍ പരിക്കേറ്റ സ്ത്രീയ്ക്ക് 32000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട് .

2001 ജൂണ്‍ 23 ന് അമ്മ ദേവകിയോടൊപ്പം പീടികയില്‍ പോയ കിള്ളിമംഗലം സ്വദേശി കീഴില്ലം ചെറുപറമ്പില്‍ വാസുദേവന്റെ മകള്‍ വിനീതയാണ് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റുമരിച്ചത് .

വീട്ടില്‍നിന്നും കാവില്‍ റോഡിലേയ്ക്കു നടക്കുമ്പോഴായിരുന്നു അപകടം . അമ്മ ദേവകിയ്ക്ക് സാരമായി പൊള്ളലേറ്റിരുന്നു.ഇലക് ട്രിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിനും പരിക്കിനും കാരണമെന്നായിരുന്നു പരാതി.

പരാതിക്കാര്‍ക്കുവേണ്ടി അഡ്വേ: എം .പി.ശ്രീകൃഷ്ണന്‍ , അഡ്വേ: സി.വി.ടോംജന്‍ എന്നിവര്‍ ഹാജരായി