Saturday, 3 May 2008

വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?

“ A.D. 2500 ലെ ജാതകം എങ്ങെനെയായിരിക്കും “ എന്ന പോസ്റ്റിന് , ശ്രീ പാമരന്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിന് ആധാരം.
ശ്രീ പാമരന്‍ പറഞ്ഞ പ്രശ്നം പല വിദേശ മലയാളികളേയും അലട്ടുന്നതാണ്.

ചിലപ്പോള്‍ കുടുബത്തിന് മൊത്തത്തില്‍ ജാതകത്തില്‍ വിശ്വാസമില്ലായിരിക്കാം ; അപ്പോള്‍ പിന്നെ പ്രശ്നമില്ല .

വേറെ ചിലപ്പോള്‍ കുടുബനാഥന്‍ മാത്രമായിരിക്കും യുക്തിവാദി

പക്ഷെ, ഈ യുക്തിവാദി ഒരു ജനാധിപത്യവാദി കൂടിയാണെങ്കില്‍ കുടുംബത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അവരുടെ വിശ്വാ‍സം

അനുസരിച്ച് ജീവിക്കുവാന്‍ അവസരം കൊടുക്കും .

ചിലപ്പോള്‍ യുക്തിവാദിയായ കുടുബനാഥന്‍ ഒരു ജനാധിപത്യവാദി ആയില്ലെന്നു വരാം ;
അങ്ങേനെയുള്ള അവസരത്തില്‍ - ചിലപ്പോള്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ - രഹസ്യമായി ഈ ജാതകമെഴുത്ത് ക്രിയ നടത്തിയെന്നുമിരിക്കും.

ഇനി ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ.

നന്ദി ശ്രീ അച്ചായന്‍ ,ശ്രീ പാമരന്‍ ,

പിന്നെ , ശ്രീ പാമരന്‍ പറഞ്ഞ പ്രശ്നത്തെക്കുറിച്ച് ഏകദേശം പത്തുകൊല്ലങ്ങള്‍ക്കുമുമ്പേ ഒരു ചര്‍ച്ച നടന്നിരുന്നു. പ്രസിദ്ധീകരിച്ചിരുന്നത് മാതൃഭൂമി

ദിനപ്പത്രത്തിലും . .ശ്രീ കാട്ടുമാടം ആയിരുന്നു അന്ന് ഇതിന് തുടക്കമിട്ടത് എന്നാണന്റെ ഓര്‍മ്മ..ജാതകത്തിന്റെ അടിസ്ഥാനമില്ലായ്മയെക്കുറിച്ച്

ജനങ്ങളെ ബോധവല്‍ക്കിരിക്കാനായിരുന്നു ആ ചര്‍ച്ച -എന്നാണന്റെ ഓര്‍മ്മ .

എങ്കിലും എങ്കിലും ഫയലില്‍ വെറുതെ ഒന്ന് പരതിയപ്പോള്‍ അന്നത്തെ വാര്‍ത്തയുടെ ഒരു പ്രതികരണം കിട്ടി.

1997 സെപ്തംബര്‍ 12 വെള്ളിയാഴ്ചയിലെ പ്രതികരണമാണ് അത് .

ഡോ:കെ.ബാലകൃഷ്ണവാരിയര്‍ , അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം -പഞ്ചാംഗകമ്മറ്റി ചെയര്‍മാന്‍ , നങ്ങ്യാര്‍കുളങ്ങര എന്ന പേരിലാണ് ആ

പ്രതികരണം വന്നത് .

അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.

1.ഇന്ത്യയില്‍ ജൂണ്‍ 14 ന് പകല്‍ 10 മണിക്ക് ( IST) തിരുവനന്തപുരത്ത് ജനിച്ച ഒരു കുട്ടിയുടേയും അതേസമയത്ത് ദില്ലിയില്‍ ജനിച്ച കുട്ടിയുടേയും

ലഗ്ന സ്ഫുടം വിഭിന്നമായിരിക്കും .എന്നാല്‍ സൂര്യാദി നവഗ്രഹങ്ങളുടേയും സ്പുടം രണ്ടുകുട്ടികളുടേയും ഒന്നുതന്നെയായിരിക്കും.

2.അമേരിക്കയില്‍ സൂര്യപ്രകാശം പാഴാക്കാതെ ഉപയോഗിക്കുന്നത് വര്‍ഷംതോറും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ വാച്ച് ഒരു മണിക്കൂര്‍

കൂട്ടിവെക്കുന്നതിനെയാണ് സമ്മര്‍ടൈം എന്നു പറയുന്നത് .ജ്യോതിഷകാര്യങ്ങള്‍ക്കായി സമ്മര്‍ടൈം ഉപയോഗിക്കുവാന്‍ പറ്റില്ല. അതിനാല്‍ കുട്ടി

ജനിച്ച സമയം രാത്രി 11 മണി 7 മിനിട്ട് എന്ന് എടുക്കണം .

കുട്ടി കാലിഫോര്‍ണിയ സിറ്റിയില്‍ ജനിച്ചു എന്നിരിക്കട്ടെ . ആ സ്ഥലത്തെ രേഖാംശം 18 ഡിഗ്രി ( പടിഞ്ഞാറ് ) അക്ഷാംശം 35 ഡിഗ്രി 17 മിനിട്ട് (

വടക്ക് ) ആകുന്നു.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്‍ 120 ഡിഗ്രി ( പടിഞ്ഞാറ് ) ആകുന്നു. അവിടെ പ്രസ്തുത ദിവസം 11 മണി ഏഴുമിനിട്ട്

ആയപ്പോള്‍ ഇന്ത്യയില്‍ പിറ്റേദിവസം 12 മണി 37 മിനിട്ടാറ്റിരിക്കും .ഈ സമയം , 12 മണി 37 മിനിട്ട് , കാലിഫോര്‍ണിയയിലെ 11 മണി ഏഴ്

മിനിട്ട് കഴിഞ്ഞ് 13 മണിക്കൂര്‍ 30 മിനിട്ട് കഴിഞ്ഞുള്ള സമയമാണെന്ന് തെറ്റിദ്ധരിക്കരുത് .

3.കാലിഫോര്‍ണിയയില്‍ 11 മണി 7 മിനിട്ടുകഴിഞ്ഞുള്ള ഗ്രഹസ്ഥിതിയും പിറ്റേദിവസം പകല്‍ 12 മണി 37 മിനിട്ടിനുള്ള ഇന്ത്യയിലെ

ഗ്രഹസ്ഥിതിയും ഒന്നുതന്നെയായിരിക്കും



ഇതിനുള്ള മറുപടിയെന്നോണം 1997 സെപ്തംബര്‍ 16 ചോവ്വാഴ്ച “ ഈ സംശയം തീരാതിരിക്കട്ടെ “ എന്ന തലവാചകത്തില്‍ ശ്രീ കാട്ടുമാടം ഒരു

കുറിപ്പ് എഴുതിയിരുന്നു . അത് താഴെകൊടുക്കുന്നു.


കാലിഫോര്‍ണിയയില്‍ സമയം ( 13-6-97 ന്) 00.8 മണിക്കാണ് സൂര്യോദയം .അതനുസരിച്ച് അര്‍ദ്ധരാത്രികഴിഞ്ഞ് 14-9-97 ന് 00.8

മണിയാകുമ്പോള്‍ സൂര്യന്‍ കുംഭം രാശിയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ജനനലഗ്നം കുംഭം.

സൂര്യനൊഴിച്ച് ബാക്കിയുള്ള എട്ട് ഗ്രഹങ്ങളുടേയും സ്ഥാനം കണക്കാക്കുന്നത് 13 മണിക്കൂറിനു ശേഷമുള്ള ഇന്ത്യന്‍ സമയമനുസരിച്ചാണ് എന്ന

കേവലം അജ്ഞാനിയായ എനിക്ക് മനസ്സിലാകാതിരിക്കുന്നത്.

സൂര്യനൊഴിച്ച് ഈ എട്ടുഗ്രഹങ്ങള്‍ ഓരോ രാശിയിലും നില്‍ക്കുന്നത് വ്യത്യസ്ത സമയങ്ങളാണ്. ചന്ദ്രന്‍ രണ്ടേകാല്‍ ദിവസം കൊണ്ട് രാശി

മാറുമ്പോള്‍ വ്യാഴം ഒരു കൊല്ലം കൊണ്ടും രാഹുകേതുക്കള്‍ ഒന്നരക്കൊല്ലം കൊണ്ടും ശനി രണ്ടരക്കൊല്ലം കൊണ്ടും മാത്രം അതതു രാശിയില്‍നിന്ന്

മാറുന്നതുകൊണ്ട് ലോകത്തെവിടെ ജനനം നടന്നാലും ജന്മ നക്ഷത്രവും സൂര്യനൊഴിച്ചുള്ള ഗ്രഹങ്ങളുടെ നിലയും ഒന്നായിരിക്കും എന്നാണ്

ജ്യോതിഷികള്‍ എന്നെ ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് .


പക്ഷെ , എന്റെ അജ്ഞതകൊണ്ടാവാം ഞാന്‍ സംശയിക്കുകയാണ് 14-6-97 ന് 00.07 കാലിഫോര്‍ണിയയില്‍ ഉത്രം നക്ഷത്രമായിരുന്നല്ലോ -

സൂര്യന്‍ കുംഭത്തില്‍ ചരിക്കുമ്പോള്‍. അതുപോലെ 14 ന് 00.8 ന് 13.38 ഇടക്ക് മറ്റേതെങ്കിലും ഗ്രഹങ്ങള്‍ക്ക് പകര്‍ച്ച നടന്നിരുന്നെങ്കിലോ ?
ഉത്രത്തില്‍ മുക്കാലും അത്തവും കന്നിക്കൂറായതുകൊണ്ട് ഇവിടെ ‘രാശി’ മാറിയില്ല. ഈ ജനനം 15ന് 00.08 നാണ് നടന്നിരുന്നെങ്കില്‍

കാലിഫോര്‍ണിയയില്‍ അത്തവും 13.38 ന് ഇന്ത്യയില്‍ ചിത്രയും ആയിരുന്നു.അപ്പോള്‍ രാശിയും മാറുമായിരുന്നു. ഒപ്പം എന്റെ സംശയവും

അങ്ങേനെ മാറ്റമില്ലതെ തുടരുകയും ചെയ്യുന്നു.


വാല്‍ക്കഷണം :1

അന്ന് എനിക്ക് ഈ ചര്‍ച്ച രസകരമായി തോന്നി.

അതുകൊണ്ട് തന്നെ ‘’ ചന്ദ്രനില്‍ ജനിക്കുന്ന ശിശുവിന്റെ ഗ്രഹനില എന്തായിരിക്കും “ എന്ന ഒരു ലേഖനം ഞാന്‍ കേരള സര്‍ക്കാരിന്റെ സ്കൂള്‍

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉള്ള മാസികയായ ‘ വിദ്യാരംഗ’ത്തില്‍ എഴുതിയിരുന്നു

പ്രസ്തുത ലേഖനത്തില്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു

1.ഗ്രഹനിലയില്‍ ജനന സമയത്തെ ആസ്പദമാക്കിയുള്ള ലഗ്നം ( രാശീചക്രവും ) ചന്ദ്ര ലഗ്നവും സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടേയും നില ഒരു മിച്ച്

അടയാളപ്പെടുത്തുന്നതിലെ അശാസ്ത്രീയതയെക്കുറിച്ച്.....

2.പാശ്ചാത്യ ജ്യോതിഷത്തില്‍ അവഗണിക്കുന്ന ഗ്രഹയോഗങ്ങള്‍ ഇവിടെ അതിഗംഭീരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ....

3.വരാഹമിഹിരന്റെ ഗ്രന്ഥങ്ങളില്‍ യവനന്മാര്‍ ഇപ്രകാരം പറയുന്നു എന്ന വസ്തുതകള്‍ ‘ ഒരു ഇറക്കുമതിയെയല്ലേ ‘ സൂചിപ്പിക്കുന്നത്

എന്നതിനെക്കുറിച്ച് .....

4.വരാഹമിഹിരന്റെ കാലഘട്ടത്തില്‍ ശിശു ജനിക്കുന്ന സ്ഥലത്തുവെച്ച് ഗ്രഹങ്ങള്‍ ,സൂര്യന്‍ , ചന്ദ്രന്‍ എന്നിവ എങ്ങനെയാണോ ജ്യോതിഷിയുടെ

ദൃഷ്ടിയില്‍ കാണപ്പേടുന്നത് അത് രേഖയിലാക്കി സൂക്ഷിക്കുന്ന അന്നത്തെ ഏറ്റവും നൂതനമായ ചരിത്രരേഖാ സംവിധാനത്തെ
‍നന്ദിച്ചുകൊണ്ട്...
5. ഗ്രഹങ്ങളെ നല്ലവയെന്നും ദോഷമായവയെന്നും തിരിക്കുന്നതിലെ യുക്തിയെക്കുറിച്ച്

6.അഷ്ടമത്തിലെ ചൊവ്വ എല്ലാ കേസുകളിലും ചോവ്വാദോഷം ജ്യോതിഷനിയമങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കുനില്ല എന്നതിനെക്കുറിച്ച് ..
7.ലഗ്നത്തില്‍ ഇന്നയിന്ന സ്ഥാനത്ത് ഇന്നയിന്ന ഗ്രഹങ്ങള്‍ നിന്നാല്‍ ഇന്നയിന്ന ഫലം ഉണ്ടാകുന്നു എന്നത് ഏത് സിദ്ധാന്തത്തിന്റെ അടിത്തറയിലാണ് എന്നതിനെക്കുറിച്ച് ....

8. ഗ്രഹനിലയുടെ അടിസ്ഥാനം തന്നെ ഇന്ദ്രിയാധിഷ്ഠിത വിശകലനമാണ് എന്നതിനെക്കുറിച്ച് ........

അങ്ങനെ പോകുന്നു അത് ..... വല്ലാതെ ദീര്‍ഘിപ്പിക്കുന്നില്ല.

വാല്‍ക്കഷണം:2

ഇത്രയൊക്കെ എഴുതിയെന്നു വിചാരിച്ച് ഞാന്‍ ജാതകത്തെ എതിര്‍ക്കുന്ന ആളാണെന്നോ അല്ലെങ്കില്‍ ജാതകത്തെ അനുകൂലിക്കുന്ന ആളാണെന്നോ എന്നൊക്കെ കരുതി വ്യക്തിപരമായ വിമര്‍ശനം ഒഴിവാക്കണമെന്നപേക്ഷ . വിഷയാധിഷ്ഠിതമായ ചര്‍ച്ചകളെയാണ് ഇവിടെ ലക്ഷ്യമിടുന്നത് . അതും ജനത്തിന് ഉപകാരപ്പെടുന്നവ.

പ്രസ്തുത വിഷയത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി എന്നു മാത്രം . തെറ്റുണ്ടെങ്കില്‍ തിരുത്തുവാനുള്ള സൌഹൃദമനസ്സുണ്ടെന്നും വ്യക്തമാക്കുന്നു.

ഈ ചര്‍ച്ച ആരുടേയെങ്കിലും വിശ്വാസത്തെ ഭംഗപ്പെടുത്തി വേദനിപ്പിച്ചീട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അപേക്ഷ. കാരണം ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല എഴുതിയീട്ടുള്ളത് .

ശ്രീ പാമരന് ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.

4 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

താരാപഥം said...

എന്റെ യുക്തിചിന്തയില്‍ ചോദിച്ച ചില ചോദ്യങ്ങള്‍ ഇതിലുണ്ട്‌. അതിന്‌ എന്റെ ഒരു സുഹൃത്ത്‌ മറുപടി തന്നത്‌ ഇങ്ങിനെയാണ്‌. ഒരു ശിശു ഭൂജാതനായി / ഭൂജാതയായി എന്നാണ്‌ ജാതകത്തിന്റെ ശാസ്ത്രഭാഷ. അതുകൊണ്ട്‌ ഭൂമിയുടെ സമതലത്തിലല്ലാതെ ജനിച്ചവരുടെ ജാതകഫലങ്ങളില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അത്‌ ചന്ദ്രനിലും വിമാനത്തിലും എന്തിന്‌ ബഹുനില കെട്ടിടത്തിന്റെ ഉയര്‍ന്ന നിലയില്‍ ജനിച്ചാലും വ്യത്യാസമുണ്ടെന്നാണ്‌. ഭൂമിയുടെ മാഗ്നറ്റിക്‌ ഫീല്‍ഡ്‌ ഗ്രഹബലത്തെ സ്വാധീനിക്കുന്നുണ്ടാവാം.

പാമരന്‍ said...

ഇങ്ങനെ ഒരു പോസ്റ്റായി എനിക്കു മറുപടി തന്നതിനു നന്ദി മാഷെ.

താങ്കള്‍ പറഞ്ഞപോലെത്തന്നെ ജനാധിപത്യവാദിയായ ഒരു നിരീശ്വരനാണു ഞാന്‍. എന്‍റെ ഭാര്യ ഇതൊക്കെ ഫോളോ ചെയ്യുന്നതില്‍ എനിക്കൊരെതിര്‍പ്പുമില്ല. മാത്രവുമല്ല, മക്കളെയും ദൈവവിശ്വാസികളായാണു വളര്‍ത്തുന്നത്‌. മനസ്സിലാക്കാനുള്ള പ്രായമാകുമ്പോള്‍ സ്വന്തം വഴി അവര്‍തന്നെ കണ്ടെത്തട്ടെ.

ഇനി വിഷയത്തിലേക്ക്‌.

1. ഓരോ സ്ഥലത്തും സൂര്യോദയം പല സമയത്തായിരിക്കുമല്ലോ. ഒരു സ്ഥലത്തു തന്നെ ഓരോ കാലത്തും ഉദയം പല സമയത്തായിരിക്കുകയും ചെയ്യും.

2. കേരളത്തിലേയും ഇന്ത്യയിലേയും ഫീല്‍ഡ്‌ സ്ട്രെങ്ത്ത് അല്ലല്ലോ അമേരിക്കയില്‍. ധ്രുവത്തോടു കൂടുതല്‍ അടുത്തു കിടക്കുന്നതു കാരണം നക്ഷ്ത്രങ്ങളില്‍/ഗ്രഹങ്ങളില്‍ നിന്നുള്ള ദൂരത്തിലുമുണ്ടാവുമല്ലോ വ്യത്യാസം.

3. ശതാബ്‌ദങ്ങള്‍ക്കു മുന്പേ വരച്ചുണ്ടാക്കിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ക്ക്‌ ഒത്തിരി വ്യത്യാസങ്ങള്‍ സ്വാഭാവികമായും വന്നിട്ടുണ്ടാവുമല്ലോ.

ഇത്തരം വേര്യബിള്‍സിനെ എങ്ങനെ ആണു ജ്യോതിഷം കണക്കിലെടുക്കുന്നത്‌?

yousufpa said...

വിദേശത്ത് ജനിക്കുന്ന കുഞ്ഞിന്റെ നക്ഷത്രമേത്..?
എനിയ്ക്കറിയില്ലേയ്.