Sunday, 20 July 2008

ജെയിംസ് മാഷിന് ആദരാജ്ഞലികള്‍ .

അക്രമവും അതിക്രമവും കണ്ട പാഠപുസ്തക സമരത്തിന് ഒടുവില്‍ രക്തസാക്ഷിയും .വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട ജെയിംസ് മാഷ് ഇനി ഓര്‍മ്മ . മാഷിന്റെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ഇനിയും തോട്ടുമുക്കം -വാലില്ലാപ്പുഴ ഗ്രാമങ്ങള്‍ വിമുക്തമായിട്ടില്ല.
മരിച്ചത് തോട്ടുമുക്കത്തെ ജെയിംസ് മാഷ് ആകരുതെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഏറെ സമയം ഈ മലയോര ഗ്രാമം . കാരണം രാഷ്ട്രീയക്കാരനായോ സമരക്കാരനായോ ജെയിംസ് മാഷിനെ കാണാന്‍ നാട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ കഴിയുമായിരുന്നില്ല.
വാലില്ലാപ്പുഴ സ്കൂളില്‍ കഴിഞ്ഞ ജൂണിലാണ് ജെയിംസിന് പ്രധാന അദ്ധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചത് . കുട്ടികള്‍ കുറഞ്ഞ സ്കൂളായതിനാല്‍ നാട്ടുകാരുടെ സഹകരണത്തോടെ വിവിധ പാഠ്യ - പാഠ്യേതര പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനിടെയാണ് മാഷിന്റെ അന്ത്യം .

ജെയിംസ് മാഷ് , അദ്ധ്യാപക സംഘടനയുടെ ഭാരവാഹിത്വം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചിരുന്നു. ശാന്ത പ്രകൃതനായ ജെയിംസിലൂടെ മാതൃകാ അദ്ധ്യാപകനെ കാണുകയായിരുന്നു നാട്ടുകാരും സുഹൃത്തുക്കളും .ഒട്ടുമിക്ക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം .
ക്ലസ്റ്റര്‍ ബഹിഷ്കരണം നടത്തുന്നതിനിടെ റിസോഴ്സ് അദ്ധ്യാപകനായതിനാല്‍ സഹപ്രവര്‍ത്തകരോട് സ്കൂള്‍ തിരിച്ച് ഒപ്പിടാന്‍ പറഞ്ഞിരുന്നുവെത്രെ . ഒപ്പിട്ടാല്‍ ക്ലസ്റ്ററില്‍ പങ്കെടുത്തതായി കണക്കാക്കുന്നതിനാല്‍ ചിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അദ്ധ്യാപകര്‍ പറയുന്നു. മരണത്തിന്റെ കയ്യൊപ്പാണ് വാങ്ങുന്നതെന്ന് ആരും കരുതിയിരുന്നില്ല.
അരീക്കോട് ബി . ആര്‍.സി ക്കു കീഴില്‍ കഴിഞ്ഞ തവണ കാവന്നൂരിലായിരുന്നു പരിശീലനം .
കീഴിശ്ശേരി ഉപജില്ലയായിരുന്നീട്ടും ആളില്ലാത്തതിനാല്‍ കീഴിശ്ശേരി റിസോഴ്സ് പേഴ്സണാ‍യി ചുമതലയേല്‍ക്കുകയായിരുന്നുവെന്നും പറയുന്നു.
ഭാര്യ മേരി, തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്ക്കുള്‍ അദ്ധ്യാപികയാണ് .
മകന്‍ , നിഖില്‍ വാഴക്കാട് ഐ.എച്ച് .ആര്‍ .ഡി കോളേജിലും മകള്‍ നീതു ചങ്ങനാശ്ശേരി അസം‌ഷന്‍ കോളേജിലും പഠിക്കുന്നു.
പ്ലസ് ടു കഴിഞ്ഞ മകള്‍ നീതുവിനെ അടുത്തിടെയാണ് ചങ്ങനാശ്ശേരി അസം‌പ്‌ഷന്‍ കോളേജില്‍ ചേര്‍ത്തത് . അടുത്തയാഴ്ച് ചങ്ങനാശ്ശേരിയില്‍ പോകാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തുവെച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ അദ്ധ്യാപകന്റെ ഓര്‍മ്മകളില്‍ വിങ്ങുകയാണ് നാടും അദ്ദേഹത്തെ അറിയുന്നവരും .

( മനോരമ ദിനപ്പത്രത്തില്‍നിന്ന് )

6 comments:

chithrakaran ചിത്രകാരന്‍ said...

ആദരാഞ്ജലികള്‍.

Unknown said...

ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്‍റെയും,പൊതുസമൂഹത്തിന്‍റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

സലാഹുദ്ദീന്‍ said...

ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.

മാണിക്യം said...

മനസിനെ വല്ലാതെ പിടിച്ചുലച്ച
ഒരു മരണം ആയി ഇത്.
പുസ്തകം എഴുതുന്നവരോടോ
ഭരണചക്രം തിരിക്കുന്നവരോടൊ
കേരളീയന്‍ എന്ന് ഊറ്റം കൊള്ളുന്ന
പ്രബുദ്ധരായ മലയാളിയോടൊ
ആരോടാ ചോദിക്കണ്ടത്
എന്തിനീ ഗുരുനാഥനെ,
ഈ കുടുംബനാഥനെ,
നിഷ്കരുണം തച്ചു കൊന്നു എന്ന്....

മുസാഫിര്‍ said...

മനസ്സിനെ ശരിക്കും വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്.ഇതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുകയും ഈ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്നും ജെയിംസ്മാഷിന്റെ കുടുംബത്തിനു ശിഷ്ടകാലം കഴിയാനുള്ള ഒരു തുക കൊടുക്കുകയും വേണം.

ടോട്ടോചാന്‍ said...

പ്രതിഷേധിക്കുന്നു..


ഇവിടെ ജീവന് ഒരു വിലയുമില്ല.
വിലയിടുന്നുണ്ട്, മതനേതാക്കളും കക്ഷിരാഷ്ട്രീയക്കാരും...