Sunday, 11 May 2008

ഭിക്ഷക്കാരന്റെ അനുഭവം!! ( ഹാസ്യം )

ഭിക്ഷക്കാരന്‍ റോഡിലൂടെ നടക്കുകയായിരുന്നു.

അപ്പോഴാണ് ആ നീല പെയിന്റടിച്ച ഗേറ്റ് ശ്രദ്ധില്‍ പെട്ടത് .

ഉള്ളില്‍ തൂവെള്ള പെയിന്റടിച്ച ഇരു നില വീട് ; ചുറ്റിനും അധികമൊന്നുമില്ലെങ്കിലും മനോഹരമായ പൂന്തോട്ടം .

ഭിക്ഷക്കാരന്‍ തന്റെ സ്വതസിദ്ധാമായ ‘വാസ്തു ‘ വെച്ചുനോക്കി .

“കുഴപ്പമില്ല, എന്തെങ്കിലും ഭിക്ഷയായി കിട്ടാതിരിക്കില്ല.” മനസ്സിലോര്‍ത്തു.

എന്നാല്‍‌പ്പിന്നെ ഈ വീടാകട്ടെ തന്റെ ആദ്യത്തെ ‘ഉപഭോക്താവ് “ അയാള്‍ തീരുമാനിച്ചു.

ഗേറ്റ് തുറന്ന് , അയാള്‍ അകത്തേക്ക് കടന്നു.

പുറത്താരുമില്ല, മുറ്റത്തെ അയയില്‍ ഒരു വസ്ത്രവും ഇല്ല .

ശല്യം , ഈ വാഷിംഗ് മെഷീന്‍ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീവീഴട്ടെ ; അയാള്‍ ഉള്ളുരുകി പ്രാകി.

എന്തുചെയ്യും ഇപ്പോള്‍ വാഷിംഗ് മെഷീനിലിട്ടാല്‍ മുഴുവനും ഉണങ്ങിയല്ലേ വരവ് !!

ആരേയും കാണുന്നില്ലല്ലോ ?

പെട്ടെന്ന് ഭിക്ഷക്കാരന് ഒരു കാര്യം ഓര്‍മ്മവന്നു ; മൊബൈലെടുത്ത് ‘ സൈലെന്‍സി’ലാക്കിയിട്ടു.

ഇനി അതടിച്ച് ഒള്ള ‘മാനവും’ പോകേണ്ട.

എന്തുചെയ്യാം ഭിക്ഷക്കാ‍ര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഈവക സുഖങ്ങള്‍ ഒന്നും ജനം അനുവദിച്ചുതരുന്നില്ലല്ലോ .

ഗേറ്റ് തുറന്ന ശബ്ദമെങ്കിലും കേട്ട് - ആരും വന്നില്ല ,

“ അമ്മാ” , അയാള്‍ ദയനീയമായി വിളിച്ചു.

അല്പ സമയത്തിനു ശേഷം വാതില്‍ തുറന്ന് ഒരു യുവതി വന്നു,

ദയനീയമായ മുഖം ; ഒക്കത്ത് ഒരു കുട്ടിയുമുണ്ട്.

ഈ വീട്ടിലെ മരുമകളായിരിക്കണം

“ഇവിടെ ഒന്നും ഇല്ല ട്ടോ ; വേഗം പൊക്കോളൂ”

ഭിക്ഷക്കാരന്‍ എന്തെങ്കിലും തരണമെന്ന് വാശിപിടിക്കാന്‍ നിന്നില്ല

ലക്ഷണം കണ്ടിട്ട് ഒന്നും കിട്ടുന്ന മട്ടില്ല ; പിന്നെ എന്തിന് വാചകമടിച്ച് സമയം കളയണം .

അയാള്‍ തിരിഞ്ഞും നടന്നു.

തുറന്ന ഗേറ്റ് അടക്കാന്‍ തുടങ്ങുമ്പോഴാ‍ണ് , പിന്നില്‍ നിന്നൊരു വിളി

“ ഇങ്ങോട്ടു വായോ”

അയാള്‍ തിരിഞ്ഞു നോക്കി.

കസവുമുണ്ടൂടുത്ത് , ശരിക്കും സീരിയലിലെ അമ്മായിയമ്മയെപ്പോലെ ഉള്ള സ്ത്രീ

അയാളുടെ ഉള്ളം സന്തോഷം കൊണ്ടു .

അയാള്‍ വീണ്ടും മുറ്റത്തെത്തി.

അപ്പോള്‍ ആ സ്ത്രീ പറഞ്ഞു

“ ഈ വീട്ടിലെ കാരണവര്‍ ഞാനാ “

ആയിക്കോട്ടെ എന്നര്‍ത്ഥത്തില്‍ അയാള്‍ നിന്നു

“ അതിനാല്‍ കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് ഞാനാ , അല്ലാതെ ഇന്നലെ വന്നവളല്ല ; അതും പ്രേമിച്ചു വന്നോള് -ഒരഞ്ചുപൈസേടെ

പോലും സ്വത്തില്ലാത്തോള്”

ഭിക്ഷക്കാരന്‍ അത് ശരിയെന്ന മട്ടില്‍ തലയാട്ടി.

ഭിക്ഷക്കാര്‍ക്കിടയില്‍ സ്ത്രീധനമെന്ന അനാചാരം ഇല്ല എന്ന വസ്തുതയില്‍ അയാള്‍ അഭിമാന പുളകിതനായി .

എത്ര ഭിക്ഷക്കാരാണ് സ്ത്രീധനമില്ലാതെ പെണ്‍കുട്ടികെളെ വിവാഹം കഴിക്കാ‍ന്‍ തയ്യാറായി നില്‍ക്കുന്നത് , എന്നീട്ട് ......

അതും വരുമാനത്തിന്റെ കാര്യത്തില്‍ അത്ര മോശമാണോ ?

.
ഈ യാഥാര്‍ത്ഥ്യം കാണാതെ പോകുന്ന - സ്ത്രീധന വിരുദ്ധ സമരം നടത്തുന്ന - വനിതാസംഘടനകളെ - അയാള്‍ അപ്പോള്‍ ഉള്ളുകൊണ്ടു

പുച്ഛിച്ചു.

നല്ലൊരു ഭിക്ഷക്കാരനാണോ ഐ.ടി പുലിക്കാണോ വരുമാനം കൂടുതല്‍ ..

ഇന്ന് ഐ.ടി പുലിയാണെങ്കില്‍ അയാള്‍ നാളെ ഐ.ടി ‘ എലി’ ആയിരിക്കും .

പക്ഷെ , ഭിക്ഷക്കാരനോ - ഒരു മാറ്റവുമില്ല - സാക്ഷാല്‍ നിത്യഹരിതന്‍ തന്നെ ..

കറുപ്പിക്കേണ്ട ആവശ്യം പോലുമില്ല......

പിന്നെ , അഴിമതി ,കൈക്കൂലി , സ്വജന പക്ഷപാതം, സ്ത്രീ പീഡനം എന്നീ ദുസ്വഭാവങ്ങളില്ല......

ഭിക്ഷക്കാര്‍ ഈ ക്രിയകള്‍ നടത്തീ എന്നുള്ള പത്രവാര്‍ത്തകള്‍ തന്നെ വളരേ വിരളം ...

എന്തായാലും ഇവിടെ ഈ പ്രശ്നത്തില്‍ ഏതു നിലപാടെടുക്കണം.....

നമ്മക്കെന്താ ചേതം, കിട്ടണത് എന്തായാലും ഇങ്ങട്ട് പോന്നോട്ടെ എന്ന‘ ചേരിചേരാനയം‘ ഇവിടെ മതി.

വീണ്ടും അമ്മായി അമ്മ പറഞ്ഞു.

“ അതിനാല്‍ ഭിക്ഷ കൊടുക്കണമോ വേണ്ടയോ എന്നോക്കെയും എന്താണ് കൊടുക്കേണ്ടതെന്നൊക്കെയും തീരുമാനിക്കേണ്ടത് അവളല്ല ,

ഞാനാ”

ഭിക്ഷക്കാരനു സന്തോഷമായി .

ഇങ്ങനെ വേണം അമ്മായിയമ്മപ്പോര്

മരുമകള്‍ ഭിക്ഷയില്ല്ല എന്നു പറയുന്നു ; അമ്മായിമ്മ അതിനെതിരായി പ്രതികരിക്കുന്നത് ഭിക്ഷ ധാരാളം കൊടുത്തുകൊണ്ടും!!.

ഇതാണ് എല്ലാവരും പഠിക്കേണ്ടത്, അനുകരിക്കേണ്ടത് .

അയാള്‍ മനസ്സിലോര്‍ത്തു.

അമ്മായിയമ്മ വീണ്ടും കണ്ഠ ശുദ്ധി വരുത്തി പ്രഖ്യാപിച്ചു.

“ അതിനാല്‍ , ഈ വീട്ടിലെ കാരണവരായ ഞാന്‍ പറയുന്നു - നിനക്ക് ഈ വീട്ടില്‍ നിന്ന് ഒന്നും തരില്ല”

“പക്ഷെ” , ഭിക്ഷക്കാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു.

“ അതേടോ , ഭിക്ഷ തരില്ല എന്നു പറയാനുള്ള അധികാരം എനിക്കാണ് , അവള്‍ക്കല്ല”

ഇതെന്തു കഥ എന്ന മട്ടില്‍ ഭിക്ഷക്കാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു

“ ഇറങ്ങിപ്പോടോ “

എന്ന അമ്മായിയമ്മയുടെ അലര്‍ച്ച കേട്ട് അയാള്‍ അവിടെ നിന്ന് വേഗം സ്ഥലം വിട്ടു .

5 comments:

ബഷീർ said...

വായിച്ചിട്ടുണ്ട്‌.. എവിടെയോ..

കുഞ്ഞന്‍ said...

ഹഹ..

രസകരമായ കഥ..ഇന്നിനൊരു കൊട്ടും..!

ഹരീഷ് തൊടുപുഴ said...

കൊള്ളാം മാഷെ..

chithrakaran ചിത്രകാരന്‍ said...

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ചോറില്ല എന്നു പറഞ്ഞതുപോലായല്ലോ അമ്മായി അമ്മയുടെ നടപടി.

അരുണ്‍കുമാര്‍ | Arunkumar said...

പഴയ വീഞ്ഞണെന്കിലും പുതിയ കുപ്പി കൊള്ളാം :)
നല്ല പോസ്റ്റുകള്