Friday, 18 January 2008

ഹാരി പോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃക : വത്തിക്കാന്‍

ലണ്ടന്‍ : ജെ.കെ റൌളിങിന്റെ ഹാരിപോട്ടര്‍ കുട്ടികള്‍ക്ക് തെറ്റായ മാതൃകയാവുന്ന കഥാപാത്രമെന്ന് വത്തിക്കാന്‍ .
മന്ത്രവാദവും ആഭിചാരവും പ്രോത്സാഹിപ്പിക്കുന്ന ഈ കൌമാരക്കാരന്റെ കഥ ഒരിയ്ക്കലും പ്രോത്സാഹിപ്പിയ്ക്കാവുന്നതല്ലെന്നും ഔദ്യോദിക പത്രമായ ഒസൊര്‍വത്താരെ റൊമാനോയില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
ഫ്ലോറന്‍സ് സര്‍വ്വകലാശാലയിലെ പ്രഫ.എഡ്വ്വേഡോ റിയാര്‍ട്ടിയുടെ ‘ഹാരി പോട്ടറുടെ ഇരട്ട മുഖം ‘ എന്ന ലേഖനത്തിലൂടേയാണ് കുട്ടികളുടെ ഇടയില്‍ പ്രസിദ്ധനായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിക്കുന്നത്
കഥയില്‍ നന്മയ്കുവേണ്ടി ചിത്രീകരിക്കുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കു വേണ്ടിയുള്ള ശ്രമം തെറ്റും നീതികരിക്കാനാവാത്തതാണ് . തിന്മയുടെ ശക്തികളെ കീഴടക്കേണ്ടത് നന്മ കൊണ്ടാണ് .മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണ്. തലതിരിഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ആദ്ധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിംഗ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Tuesday, 15 January 2008

കുവൈത്തില്‍ വിവാഹത്തിനുമുന്‍പ് വൈദ്യ പരിശോധന നിര്‍ബ്ബന്ധമാക്കി

കുവൈത്ത് സിറ്റി : വിവാഹത്തിനുമുന്‍പ് പ്രതിശ്രുത വധൂവരന്മാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബ്ബന്ധമാക്കുന്ന നിയമം കുവൈത്ത് പാര്‍ളിമെന്റിന്റെ നിയമകാര്യസമിതി ഏകകണ്‌ഠമായി അംഗീകരിച്ചു.
പരിശോധനാഫലം രഹസ്യമായി വെയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗബാധയുണ്ടെന്നു തെളിഞ്ഞാ‍ലും പരിശോധനയുടെ രഹസ്യ സ്വഭാവം ലംഘിയ്ക്കപ്പെടരുത് .

Monday, 14 January 2008

മിഠായിയെന്നു കരുതി വിറ്റാമിന്‍ ഗുളിക കഴിച്ച കുഞ്ഞു മരിച്ചു.

മാന്ദാമംഗലം : മിഠായിയെന്നുകരുതി വിറ്റാമിന്‍ ഗുളിക അമിതമായി കഴിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കൊളാംകുണ്ട് വരണ്ടിയാനിക്കല്‍ പ്രസാദിന്റെ മകള്‍ ആ‍ദിത്യയാണ് മരിച്ചത് .കുട്ടി ബുധനാഴചയാണ് ഗുലികകള്‍ കഴികത് . അസ്വസ്ഥത കാണിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

ആമയിറച്ചി വിറ്റവര്‍ പിടിയില്‍

തൃശൂര്‍ : ആമകളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തുന്ന രണ്ടംഗ സംഘം പിറ്റിയിലായി .കണ്ടശ്ശങ്കടവ് പുലാമ്പുഴ കടവില്‍നിന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസറിന്റെ നേതൃത്വത്തിലാണ് ഈ രണ്ടംഗ സംഘത്തെ പിടി കൂടിയത് .
നാല്പതോളം ആമത്തോടുകളും മുക്കാല്‍ കിലോ ഇറച്ചിയും പിടിച്ചെടുത്തു. പൊങ്ങണംകോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പ്രതികെളെ കസ്റ്റ്ഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു .
കിലോയ്ക്ക് അമ്പതു രൂപ നിരക്കിലാണ് പ്രതികള്‍ ആമയിറച്ചി വില്പന നടത്തിയത് .

Sunday, 13 January 2008

ബലാല്‍‌സംഗക്കാരന് നല്ല നടപ്പ് : ജഡ്ജിയുടെ പണിപോയി.

ബലാത്സംഗക്കേസ് പ്രതിയോട് സൌമനസ്യം കാണിച്ച ജഡ്ജിയെ പുറത്താക്കിയ തീരുമാനം സുപ്രീംകോടതിയും ശരിവെച്ചു. ഉത്തര്‍പ്രദേശിലെ എത്വാ ജഡ്ജിയായിരുന്ന രാജ്‌കുമാര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് .
ബലാല്‍സംഗക്കേസ് പ്രതികളെ നല്ലനടപ്പിനുവിടാന്‍ നിയമം അനുവദിക്കുന്നില്ല. വന്‍ ശിക്ഷ ലഭിക്കേണ്ട പ്രതിയോട് രാജ്‌കുമാര്‍ ശര്‍മ്മ ദയാപൂര്‍വ്വം പെരുമാറിയതായും കോടതി വിലയിരുത്തി .
1998 ലായിരുന്നു കേസിനാസ്പദമായ സംഭവം .
ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കേണ്ട കേസുകളിലെ പ്രതികളെ നല്ല നടപ്പിനു വിടരുതെന്നാണ് വ്യവസ്ഥ . ബലാത്സംഗക്കേസ് പ്രതികളെ നല്ല നടപ്പിന് വിട്ടത് വിവാദമായതോടെ അലഹബാദ് ഹൈക്കോടതി നടത്തിയ അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാനെന്നു കണ്ടെത്തി . തുടര്‍ന്ന് 2005 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ടാണ് നല്ല നടപ്പിനു വിട്ടതെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്റെ വാദം

Saturday, 12 January 2008

മകരജ്യോതി കാണാന്‍ കാത്തിരിപ്പ് : പര്‍ണ്ണ ശാലകളില്‍

ശബരിമല : പൊന്നമ്പലമേടിന്റെ പുണ്യം നിറയുന്ന മകരജ്യോതി തിങ്കളാഴ്ചയാണെങ്കിലും സംക്രമ സന്ധ്യയുടെ പൊന്‍‌കിരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ശബരീശ സന്നിധാനം ഇപ്പോഴേ ഭക്ത നിബിഡമായി
ജ്യോതി ദര്‍ശനത്തിനായി അടിക്കാടുകള്‍ തെളിച്ച് പര്‍ണ്ണശാലകള്‍ കെട്ടിയുയര്‍ത്തുന്ന തിരക്കിലാണ് തീര്‍ത്ഥാടകര്‍ .
തടസ്സമില്ലാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം അയ്യപ്പന്മാര്‍ ദിവസങ്ങള്‍ക്കുമുന്‍പേ കയ്യടക്കി .
മാളികപ്പുറം ,പാണ്ടിത്താവളം , ശരംകുത്തി , എന്നിവടങ്ങളിലാണ് കൂടുതല്‍ പര്‍ണ്ണ ശാലകള്‍ ഉയര്‍ന്നീട്ടുള്ളത് . കെട്ടിടങ്ങള്‍ക്കു മുകളിലും മരക്കൊമ്പുകളിലും ജ്യോതി കാണാന്‍ അയ്യപ്പന്മാരെ കയറാന്‍ അനുവദിക്കുകയില്ലെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മിക്ക കെട്ടിടങ്ങളും തീര്‍ത്ഥാടകരുടെ താവളമായി .
മുന്‍ വര്‍ഷങ്ങലെ അപേക്ഷിച്ച് മലയാളികള്‍ മുന്‍‌കൂട്ടി പര്‍ണ്ണശാലകള്‍കെട്ടി സ്ഥാനം പിടിക്കുന്നതും ഇതാദ്യമാണ് .
മാളികപ്പുറം ക്ഷേത്രത്തിനു പിന്നില്‍ അയ്യപ്പ സേവാസംഘം വളണ്ടിയര്‍ ഷേഡിനും അഗ്നിശമന സേനാ ഷെഡിനും മദ്ധ്യേയുള്ള പ്രദേശം മലപ്പുറം ,കോഴിക്കോട് , പാലക്കാട് , വയനാട് ജില്ലകളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് കയ്യടക്കിയിരിക്കുന്നത് . ആറിദിവസം മുന്‍പേ സ്ഥാനം പിടിച്ചവരും ഉണ്ട് .14 ന് വൈകീട്ട് 6 .30 ന് ആണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുക .അതിനുശേഷമാണ് ജ്യ്യോതി ദര്‍ശനം .

ബുദ്ധിമുട്ടില്ലാത്തതും ജ്യോതി കാണാവുന്നതും വൃത്തിയുള്ളതുമായ സ്ഥലങ്ങളാണ് ആദ്യമുള്ളവര്‍ കയ്യടക്കിയത് .മിക്കയിടത്തും തണല്‍ ഇല്ല.
വിരിപ്പുകള്‍ വലിച്ചുകെട്ടിയും കാട്ടിലകള്‍ നിരത്തിയും തണലുകള്‍ ഉണ്ടാക്കി അതിനുള്ളിലാണ് അവര്‍ വിശ്രമിക്കുന്നത് . പാണ്ടിത്താവളത്തിലും മാളികപ്പുറത്തും കാട്ടില്‍നിന്നു കമ്പും കുഴയും കാട്ടിലകളും വെട്ടി ഷെഡുകള്‍ കെട്ടുന്ന തിരക്കാണ് . എവിടെയ്ക്കുതിരിഞ്ഞാലും പര്‍ണ്ണശാല കെട്ടുന്ന തിരക്കാണ് .എവിടേയ്ക്കു തിരിഞ്ഞാലും പര്‍ണശാല ഒരുക്കുന്ന അയ്യപ്പന്മാരേ മാത്രമേ കാണുവാന്‍ അഴിയൂ.
ആയിരക്കണക്കിനു അയ്യപ്പന്മാര്‍ വിരിവിരിച്ചു വിശ്രമിയ്ക്കാന്‍ തുടങ്ങിയതോടെ വെള്ളത്തിനും പ്രാധമിക ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട് .
പാണ്ടിത്താവളത്തില്‍ വിരിച്ചവര്‍ വെള്ളത്തിനായി ടെലിഫോണ്‍ എക് സേഞ്ച് വരെ എത്തണം . ടാപ്പുകള്‍ക്കുമുന്‍പില്‍ വെള്ളത്തിനായി നീണ്ട ക്യൂ ആണ് .

വിലക്കയറ്റം : സൌദിയില്‍ ബഹിഷ്‌ക്കരണത്തിന് ആഹ്വാനം !!!

ജിദ്ദ: പാലുല്പന്നങ്ങള്‍ ഉല്‍പ്പെടെ വിലക്കയറ്റമുണ്ടായ ആവശ്യവസ്തുക്കള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ സൌദിയില്‍ ജനകീയ ആഹ്വാനം . എസ്.എം എസ്. വഴിയാണ് ഈ ബഹിഷ്കരണ സന്ദേശം പ്രചരിക്കുന്നത് .
രാജ്യത്ത് പാലുല്പന്നങ്ങളുടെ വില ഈയിടെ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. 2007 ആരംഭം മുതല്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് തുടരുകയാണ് .
കഴിഞ്ഞ വര്‍ഷം 2.5% ആയിരുന്നു നാണ്യപ്പെരുപ്പുനിരക്ക് . ഈ വര്‍ഷം 4.1% ആകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
വില വര്‍ദ്ധനക്കെതിരെ നിഷ്ക്രിയത്വം തുടരുന്ന അധികൃതരുടെ നിലപാടിലും തങ്ങളുടെ നിസ്സഹായാവസ്ഥയിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ ബഹിഷ്കരണത്തിന് തുനിഞ്ഞിരിക്കുന്നത് .വിലക്കയറ്റത്തെ തുടര്‍ന്ന് റിയാദ് മുനിസിപ്പാലിറ്റി വിലനിലവാരം എല്ലാ ആഴ്ചയിലും പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചീട്ടുണ്ട് .

ആനകളെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം !!

ചാവക്കാട് : മണത്തല നേര്‍ച്ചയാഘോഷത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥതയും ശാരീരിക ക്ഷമതയും സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് മണത്തല ജുമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്തയോഗം നിര്‍ദ്ദേശിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ , കമ്മറ്റി ഭാരവാഹികള്‍ , കാഴ്ച കൊണ്ടുവരുന്ന ക്ലബ്ബുകള്‍ , സംഘടനകള്‍ , ആനയെ കൊണ്ടുവരുന്നവര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത് .
ആനപ്പുറത്ത് മൂന്നില്‍ കൂടുതല്‍ പേരെ കയറ്റരുതെന്നും കുട്ടികളെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് . രാഷ്ട്രീ‍യ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ , പ്രകോപനമുണ്ടാക്കുന്ന രീതിയിലുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിയ്ക്കാന്‍ പാടില്ല . പടക്കത്തിനും നിയന്ത്രണമുണ്ട് .
ആര്‍ഡിഒയുടെ പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനിച്ചു.

Friday, 11 January 2008

നാടിനു മാതൃകയാകാന്‍ ‘വില്വാദ്രി‘ അരി

തിരുവില്വാമല :രാസകീടനാശിനി പ്രയോഗം ഒഴിവാക്കി കൃഷിചെയ്തെടുത്ത നെല്ല് തവിടുകളയാതെ അരിയാക്കി വിപണനം നടത്തുന്ന കുറുമങ്ങാ‍ട്ട് പാടശേഖരം മാതൃകയാകുന്നു. 30 ഹെക്ടര്‍ സ്ഥലത്താണ് ജൈവ കീടരോഗ നിയന്ത്രണം നടപ്പാക്കി കൃഷിചെയ്തത് . കൃഷി ചെയ്തെടുത്ത നെല്ല് പ്രാദേശികമായി സംസ്കരിച്ച് വിപണനം ചെയ്തതോടെ ദൂരദേശങ്ങളില്‍നിന്നുപോലും കര്‍ഷക സംഘങ്ങള്‍ ഇവിടെ പഠനത്തിന് എത്തിത്തുടങ്ങി .സംസ്കരിച്ച അരി ‘വില്വാദ്രി‘ അരി എന്ന പേരില്‍ വിപണനത്തിനൊരുങ്ങിയപ്പോള്‍ നല്ല ഡിമാന്റാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് ഒരു കിലോഗ്രാമം നെല്ലിന് 10 രൂപ ലഭിക്കുന്നുണ്ട് . കൃഷിക്കാരെ വയലിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണിയും എം. ആര്‍. മണിയുമാണ്. കൃഷി ഓഫീസര്‍ കൃഷ്ണകുമാറിന്റെ സാങ്കേതിക മേല്‍നോട്ടവുമുണ്ട് .വില്വാദ്രി അരിയുടെ വിപണനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റേതടക്കം സഹായങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍ .

ശബരിമല - മകരജ്യോതി ; യുക്തിവാദികള്‍ പരാതി നല്‍കി !!!

കൊച്ചി : മകരവിളക്കുദിനത്തില്‍ പൊന്നമ്പലമേട്ടിലേക്കു പ്രവേശനം അനുവദിയ്ക്കണമെന്നും സന്ദര്‍ശനത്തിനു തടസ്സമുണ്ടാവാതിരിയ്ക്കാന്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി .ദേവസ്വം ബോര്‍ഡിനേയും അയ്യപ്പസേവാസംഘത്തേയും കക്ഷിചേര്‍ക്കാനായി കേസ് മാറ്റി. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഇക്കാര്യം വെളിപ്പെടാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം തടയുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.പ്രവേശനാനുമതി തേടിയും പോലീസ് സംരംക്ഷണം ആവശ്യപ്പെട്ടും ഹര്‍ജിക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുക്കില്ലെന്നാണ് ആക്ഷേപം

രാഷ്‌ട്രപതി ,ഉപരാഷ്ട്രപതി ,ഗവര്‍ണ്ണര്‍ ; ശമ്പളം ഇരട്ടിയാക്കി

ന്യൂഡല്‍ഹി : രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ ഉപസമിതി തീരുമാനിച്ചു.
പ്രതിമാസം ഒരു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പുതുക്കിയ ശമ്പളം. നിലവില്‍ 50,000 രൂപയാണ് .
ഉപരാഷ്ട്രപതിക്ക് 40,000 രൂപയുടെ സ്ഥാനത്ത് 85,000 രൂപ കിട്ടും .
ഗവര്‍ണ്ണര്‍മാരുടെ ശമ്പളം 36,000 രൂപയില്‍ നിന്ന് 75,000 ആക്കി.
മുന്‍ രാഷ്ട്രപതിമാര്‍ക്കുള്ള വാര്‍ഷിക സാമ്പത്തിക ആനുകൂല്യം ആറു ലക്ഷം രൂപയാക്കി.
രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ജീവിത പങ്കാളികള്‍ക്കുള്ള ആ‍നുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചീട്ടുണ്ട് .

പാര്‍ളിമെന്റ് അംഗങ്ങള്‍ 68,000 രൂപ പ്രതിഫലം വാങ്ങുമ്പോള്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷട്രപതിക്ക് അതിലും കുറഞ്ഞ തുകയാണ് ലഭിച്ചുവന്നിരുന്നതെന്നു തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞന്‍ ദാസ് മുന്‍ഷി പറഞ്ഞു.

ഇലക് ട്രോണിക് ത്രാസിലെ വെട്ടിപ്പ് തടയാന്‍ സംവിധാനമില്ല !!!

തിരുവനന്തപുരം : റിമോട്ട് കണ്‍‌ട്രോള്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന ഇലക് ട്രോനിക് ത്രാസുകള്‍പോലും നിലവിലുള്ള സാഹചര്യത്തില്‍ , ഉപഭോക്താക്കള്‍ കബളിക്കപ്പെടുന്നതു കണ്ടുപിടിക്കാന്‍ ആവശ്യമായ സാങ്കേതിക സൌകര്യങ്ങളോ , ജീവനക്കാരോ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇല്ലെന്ന് കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി .
നിലവിലുള്ള നിയമം അനുസരിച്ച് മീന്‍ കച്ചവടത്തിനും സ്വര്‍ണ്ണക്കച്ചവടത്തിനും ഉപയോഗിക്കുന്ന ത്രാസുകള്‍ സീല്‍ ചെയ്തില്ലെങ്കില്‍ ഒരേ ശിക്ഷയാണ് . ഇരുകൂട്ടര്‍ക്കും അഞ്ഞൂറുരൂപയാണ് പിഴ .
ഉല്പാദകനു തോന്നിയ വില ഈടാക്കാനുള്ള സ്വാതന്ത്ര്യത്തിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കിലുംനിയമ ഭേദഗതി ആവശ്യമാണ് .ലീഗല്‍ മെട്രോളജി വകുപ്പില്‍ അഞ്ഞൂറില്‍താഴെ ജീവനക്കാരേയുള്ളൂ. ഇതില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ തസ്ഥികകളില്‍ 30% ഒഴിഞ്ഞുകിടക്കുകയാണ് എന്ന വസ്തുത ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍

ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍
ന്യൂഡല്‍ഹി : ബംഗാലിലെ സിംഗളൂരില്‍ വീടു നഷ്ടപ്പെട്ടവരുടേയും സ്വന്തം മണ്ണിനായി പൊരുതുന്നവരുടേയും കണ്ണീരാണ് ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാറെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌ക്കര്‍ അഭിപ്രായപ്പെട്ടു.
പാവപ്പെട്ട നൂറുകണക്കിനു കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ പദ്ധതിയെ എതിര്‍ക്കേണ്ടതിന്റെ സാമൂഹിക ബാദ്ധ്യത ഒരു വശത്തും ചെറുകാറുകള്‍ പെരുകുന്നതുമൂലമുള്ള ഗതാഗത പ്രശ്നം മറുവശത്തുമുണ്ട് .

ഒറ്റക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കും : മന്ത്രി രേണുകാ ചൌധരി

ചെന്നൈ : ഒറ്റയ്ക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കുമെന്ന് വനിതാ ശിശു സംരക്ഷണ വകുപ്പുമന്ത്രി രേണുകാ ചൌധരി പ്രസ്താവിച്ചു. ഇതിനു വേണ്ടി നിയമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ പറഞ്ഞു.
പെണ്‍കുഞ്ഞുങ്ങള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിക്കുമെന്നും ഇതിനായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 72,000 കോടി രൂപ വിലയിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ പ്രസ്താവിച്ചു. ഭ്രൂണ ഹത്യയെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കവേ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു അവര്‍ .

ഇറാക്കില്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1,51,000 പേര്‍ !!!

ബഗ്‌ദാദ് : അമേരിക്കന്‍ സൈന്യം ഇറാക്കിലെത്തിയശേഷം 1,51,000 പേര്‍ മൂന്നു വര്‍ഷത്തിനിടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും ഇറാഖ് ഗവണ്മെന്റും ചേര്‍ന്നു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 2003 മാര്‍ച്ച് മുതല്‍ 2006 ജുണ്‍ വരെയുള്ള കണക്കാണിത് . പതിനായിരം വീടുകളിലാണ് സര്‍വ്വേ നടത്തിയത് .
പ്രതിദിനം നൂറുമൃതദേഹങ്ങള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും എത്തുന്നുണ്ടെന്ന് 2006 ല്‍ ഇറാഖ് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു.


വാല്‍ക്കഷണം


ജയിച്ചാലും തോറ്റാലും ലാഭം ഒന്നുതന്നെ !!

Tuesday, 8 January 2008

അപ്പീല്‍ തീര്‍ക്കുമ്പോള്‍ കാരണം വ്യക്തമാക്കണം - സുപ്രീംകോടതി.

ന്യൂഡല്‍ഹി : അപ്പീലില്‍ തീരുമാനമെടുക്കുമും‌മുന്‍പ് അതിനാധാരമായ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ ഉപദേശിച്ചു.
ഹിമാചല്‍‌പ്രദേശ് ഹൈക്കോടതി ഒരു അപ്പീല്‍ ഒറ്റ വാചകത്തില്‍ തള്ളി എന്ന് ഉത്തരവിട്ടതിനെ പരാമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം .ഉത്തരവ് എത്ര ഹ്രസ്വമായിരുന്നാലും കാരണങ്ങള്‍ സൂചിപ്പിക്കുന്നതാവണമെന്നു ചൂണ്ടിക്കാട്ടി അപ്പീലിന് ആധാരമായ ക്രിമിനല്‍ കേസില്‍ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് അരിജിത് പസായത് , ജസ്റ്റിസ് അഫ്‌താബ് അലം എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് റദ്ദാക്കി

Sunday, 6 January 2008

സ്നേഹപ്രകടനമില്ല; സൌദിയില്‍ വിവാഹമോചനമേറുന്നു.

റിയാദ് : ദമ്പതികളുടെ സ്നേഹപ്രകടനങ്ങളുടെ കുറവാണ് സൌദിയില്‍ വിവാഹമോചന നിരക്കുയരാന്‍ പ്രധാന കാരണമെന്ന് സാമൂഹികകാര്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായതായി അല്‍ വതന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താക്കന്മാര്‍ വൈകി വീട്ടിലെത്തുന്നതുമുതല്‍ പ്രായവ്യത്യാസം , ബഹുഭാര്യത്വം , ബന്ധുക്കളുടെ ഇടപെടല്‍ തുടങ്ങി ഒരുപിടി മറ്റു കാരണങ്ങളും ഉയര്‍ന്ന വിവാഹമോചന നിരക്കിനു പിന്നിലുണ്ട് .
എന്നാല്‍ ഭാര്യയ്ക്ക് പ്രസവശേഷി ഇല്ലാത്തത് റിപ്പോര്‍ട്ട് പ്രകാരം വിവാഹമോചനത്തിനുള്ള പ്രധാനകാരണമല്ല. ഭാര്യമാര്‍ ഏറെനേരം ജോലിസ്ഥലത്തു ചെലവഴിക്കുന്നതും ചില കേസുകളില്‍ വിവാഹമോചനത്തിനു കാരണമാകുന്നതായി കുടുംബക്കോടതിയിലെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.കുടുബത്തില്‍ ഭര്‍ത്താവിന്റെ സ്ഥാനം അംഗീകരിയ്ക്കാത്തതും പലപ്പോഴും പ്രശനമാകുന്നു.

Saturday, 5 January 2008

പരാതിക്കാര്‍ക്ക് വെബ്ബ്‌സൈറ്റുമായി കിരണ്‍ബേഡി

ന്യൂഡല്‍ഹി: പോലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിസമ്മതിച്ചെങ്കില്‍ വിഷമിക്കേണ്ട , ഡോക്ടര്‍ കിരണ്‍ബേഡിയും സംഘവും സഹായത്തിനെത്തും . ആട്ടിപ്പായിച്ച പരാതികള്‍ താഴെത്തട്ടിലല്ല്ല , അതതു സംസ്ഥാനങ്ങളിലെ ഡി.ജി.പി മാരുടെ അടുത്തുവരെ എത്തിയേക്കാം. പരാതികള്‍ സ്വീകരിച്ച് അധികൃതരില്‍ എത്തിയ്ക്കാന്‍ കിരണ്‍ബേഡി നേതൃത്വം നല്‍കുന്ന ഇന്ത്യ വിഷന്‍ ഫൌണ്ടേഷന്റെ കീഴില്‍ സേഫര്‍ ഇന്ത്യ ഡോട്ട് കോം ( www.saferindia.com) എന്ന സൌജന്യ വെബ്ബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറായിരുന്ന കിരണ്‍ബേഡി അര്‍ഹമായിരുന്ന ജോലിക്കയറ്റം ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം സര്‍വ്വീസില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു